കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Tuesday 15 May 2012

ജോണ്‍ എബ്രഹാം അനുസ്മരണവും ‘അമ്മ അറിയാന്‍‘ പ്രദര്‍ശനവും


ജോണ്‍ എബ്രഹാം എന്ന  അതുല്യ ചലച്ചിത്രകാരന്‍ ഓര്‍മ്മയായിട്ട് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്.1987 മെയ് 31നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.‘ അമ്മ അറിയാന്‍ ‘ എന്ന സമാനതകളില്ലാത്ത ചലച്ചിത്രം പുറത്തിറങ്ങിയിട്ട് കാല്‍ നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു.ജോണ്‍ എബ്രഹാമിനെയും അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തെയും അനുസ്മരിക്കുന്ന വിശദ പഠനങ്ങള്‍ കാണിയുടെ വാര്‍ഷികപ്പതിപ്പില്‍(കാണിനേരം 2011) ഉള്‍പ്പെടുത്തിയിട്ടുണ്ട്.(ജോണിനെ അനുസ്മരിക്കുന്ന ഒരു ഇന്റര്‍വ്യു ഇവിടെ വായിക്കാം )അതിന്റെ തുടര്‍ച്ചയായി കാണിയുടെ വാര്‍ഷികത്തിന്റെ ഭാഗമായി ജോണ്‍ എബ്രഹാമിനെ അനുസ്മരിച്ചു കൊണ്ടുള്ള പ്രഭാഷണങ്ങളും ‘അമ്മ അറിയാന്‍’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനവും നടത്തുകയാണ്.‘സിനിമയും കവിതയും ‘ എന്ന വിഷയത്തില്‍ കാണി നടത്തിയ കവിതാമത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വെച്ച് വിതരണം ചെയ്യുന്നതാണ്.എല്ലാവരെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
2012 മെയ് 20,ഞായറാഴ്ച,വൈകുന്നേരം 4.00 മണി 
പ്രതീക്ഷ കോംപ്ലക്സ്,വടക്കെ റോഡ്,ചങരംകുളം.
4.00 മണി:
കാണി വാര്‍ഷിക ജനറല്‍ ബോഡി
5.00 മണി: 
ജോണ്‍ എബ്രഹാം അനുസ്മരണ പ്രഭാഷണം
പങ്കെടുക്കുന്നവര്‍:
കെ.ജി.ശങ്കരപ്പിള്ള,എം.ജി.ശശി,ആലങ്കോട് ലീലാകൃഷ്ണന്‍
6.30 മണി: 
ചലച്ചിത്രപ്രദര്‍ശനം :
‘ അമ്മ അറിയാന്‍ ‘

Sunday 22 April 2012

സിനിമയും കവിതയും : കവിതാമത്സര വിജയികള്‍

സിനിമയുടെ വൈവിദ്ധ്യമാര്‍ന്ന അനുഭവങ്ങളെ പ്രമേയമാക്കി കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കവിതാ മത്സരത്തില്‍ താഴെ പറയുന്നവരെ സമ്മാനാര്‍ഹരായി തെരഞ്ഞെടുത്തു.
ഒന്നാം സമ്മാനം : എം. പി. പ്രതീഷ്



ചെമ്പ്രശ്ശേരി. പി.ഒ.,
പാണ്ടിക്കാട്,
മലപ്പുറം ജില്ല - 676 521



കവിത : തിയേറ്റര്‍
കടല്‍ക്കരയിലെ തിയറ്ററില്‍
മരങ്ങളെച്ചാഞ്ഞ് നാം
ഇരുട്ടിലിരിക്കുന്നു.
അനങ്ങുന്ന
ഒരു ദേശം,
പാര്‍പ്പിടങ്ങള്‍, മനുഷ്യര്‍
മുന്നില്‍ വന്നു നിരക്കുന്നു.
അവയ്ക്കു വേണ്ടി ഒരു പറവക്കൂട്ടം
ചിറകൊതുക്കിയിറങ്ങി
കഥയ്ക്കു താഴത്തൂടെ
നമ്മോട് സംസാരിക്കുന്നു.
തിയറ്ററിനു പുറം
പേമാരി ചുറ്റുന്നുണ്ടാവും
വീടുകളും മരങ്ങളും നിലംപറ്റുന്നുണ്ടാവും
ആളുകളും മൃഗങ്ങളും
ഒഴുകുന്നുണ്ടാവും.
നാമിപ്പോള്‍
ജലത്തിലായിരിക്കാം,
സിനിമയുടെ പാതിയും നനഞ്ഞിരിക്കാം
അരക്കെട്ടും മാറിടവും കഴുത്തും തീര്‍ന്ന്
നമ്മുടെ നാല് കണ്ണുകള്‍ക്കും
നെറ്റിക്കും മുകളില്‍
കടല്‍ തൊടുകയാവും
സ്‌ക്രീനിനു തൊട്ടു താഴെയും
വെള്ളത്തിനു മുകളിലായി
ഇരുട്ടിനുള്ളില്‍
ആ പറവക്കൂട്ടം മിണ്ടിക്കൊണ്ടിരിക്കുന്നു.
നമ്മള്‍, പരസ്പരം, അത്ര മേലാഴത്തോടെ
ഇറുക്കിപ്പിടിക്കുകയും ചുംബിക്കുകയും മാത്രം ചെയ്യുന്നു.
രണ്ടാംസമ്മാനം : പി.ടി. പ്രമീഷ്


കരുവാണ്ടി ഹൗസ്
പള്ളിക്കര പി.ഒ.,
കോഴിക്കോട്-679 52



കവിത : കൊട്ടക

അമ്മുവും ആട്ടിന്‍കുട്ടിയും
പ്ലാവിലകള്‍ നൊട്ടിനുണഞ്ഞ്
പോയതിന്റെ ഓര്‍മ്മ
പിന്നെ
കണക്കുമാഷിന്റെ
ചൂരല്‍ വടികളെ അനുഗമിച്ച്
വരിവരിയായ് പോയി
കുമ്മാട്ടിയോടൊപ്പം
നൃത്തം ചെയ്തത്.
അതേ കണക്കുമാഷെ
മുന്നില്‍ ഇരുത്തി
അവളുടെ രാവുകള്‍
കണ്ടത്.
ഉണ്ണിയാര്‍ച്ചയും ഒതേനനും
ഓതിരം കടകം
മറിഞ്ഞത്
ജയന്‍ ആകാശത്ത് നിന്ന്
വീണ്
നക്ഷത്രമായതിന്റെ
സങ്കടങ്ങള്‍ മേഞ്ഞ് നടന്ന
നിലത്ത്
ഞങ്ങളേക്കാളും ഉയരത്തില്‍
മുളച്ച് പൊന്തിയിരിക്കുന്നു
പുല്‍പ്പടര്‍പ്പുകള്‍
എന്നിട്ടും കണ്ടക്ടറോട്
ഞങ്ങള്‍ക്കിറങ്ങേണ്ടിടത്തിന്
അതേ ടാക്കീസിന്റെ
പേര് പറഞ്ഞു.
മൂന്നാം സമ്മാനം : രാകേഷ്‌നാഥ്
 12/18 എ. കൊമ്പുക്കല്‍,
പുലിയൂര്‍ പി.ഒ, ചെങ്ങന്നൂര്‍ വഴി,
ആലപ്പുഴ - 689 501.


കവിത : ടാര്‍
(ആന്ദ്രേ തര്‍ക്കോവ്‌സ്‌കിക്ക്)
(വിഖ്യാത ചലച്ചിത്രകാരന്‍ ആന്ദ്രേ തര്‍ക്കോവ്‌സ്‌ക്കിയുടെ മാസ്റ്റര്‍ പീസ് ചലച്ചിത്രങ്ങളായ സാക്രഫൈസ് (1986), സ്റ്റാക്കര്‍ ( ), എന്നീ ചിത്രങ്ങള്‍ കണ്ടുകഴിഞ്ഞപ്പോള്‍ എന്നിലുണ്ടായ അനുഭവമാണീ കവിത)
ഭിത്തിയില്‍ തള്ളവിരല്‍
പാതകള്‍ പറക്കുന്നു
മുറി കുപ്പായമഴിച്ച് ദാഹിച്ചു കിടന്നു.
സ്വപ്നരൂപികള്‍ വിയര്‍ക്കുന്നു
പുകച്ചുരുളുകള്‍ ധ്യാനിക്കുന്നു

മണ്ണ് ഭ്രാന്തിന്റെ ഉച്ചസ്ഥായിയില്‍
കിടന്നുരുളുന്നു.
ഗിറ്റാറില്‍ ബീജങ്ങളുടെ വിറ
കറുത്ത രക്തം ചിലന്തിയോടൊപ്പം ഉറങ്ങുന്നു
ഒരാള്‍ എന്തോ ചികയുന്നു.
തലമുടികള്‍ക്കിടയില്‍ പിതൃക്കളുടെ-
അസ്ഥികള്‍ ഒടിഞ്ഞുമടങ്ങുന്നു
കാറ്റില്‍ മരങ്ങളുടെ
ഭോഗയാനധ്യാനം
ഓര്‍മ്മകള്‍ സൈക്കിള്‍ ചവിട്ടി
പൊട്ടക്കിണറിലുടയുന്നു
ഒരുവള്‍ ചുളിവുകളെ തിന്നുന്നു
അവയവങ്ങളെ ഉരിഞ്ഞെടുക്കുന്നു
ന്യൂട്ടണ്‍ 1, ജലജ്വാല, ആനന്ദലഹരി
ജലം വിളിച്ചു
വിടവിലൂടെ തീ എത്തിനോക്കുന്നു
നീറ്റലോടെ ഞാന്‍ കുളിക്കുന്നു.
എത്രയോ മരങ്ങള്‍ക്കു ശേഷം
പായ മടക്കുമ്പോലെ തീവണ്ടിയേയും...
എവിടെയോ
ഒരു സെന്‍നിക്ലിസ്റ്റിന്‍...
പിന്‍വാങ്ങുകയാണ്
നിഴലുപോലുമില്ലാതെ
(അതുരുകിത്തീര്‍ന്നത് തബലയില്‍)
പുണര്‍ന്നു പുണര്‍ന്ന മുറിവുകള്‍
ഹാ വര്‍ഷങ്ങളേ
ലയിച്ചാലുമീ ഗദ്ഗദങ്ങളില്‍
ഉച്ചവെയിലിന്‍ വിരലുകള്‍
മുറുകുന്നു.
സായാഹ്നങ്ങള്‍ കത്തിച്ച്
ജലത്തില്‍ നീയെന്നെ തിരയുക

ഒരുകാറ്റ് ആരോ ഉപേക്ഷിച്ച ശ്വാസം
വസന്തങ്ങളില്‍ നിന്ന് മഞ്ഞയെ തിന്നും ഗിത്താര്‍
(തീവണ്ടിയും തബലയും നിലവിളിയും)


സര്‍വ്വശ്രീ. അന്‍വര്‍ അലി, പി.പി.രാമചന്ദ്രന്‍, ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവരടങ്ങിയ സമിതിയാണ് സമ്മാനാര്‍ഹരെ തെരഞ്ഞെടുത്തത്. 
കാവ്യഭാഷാപരമായ നിലവാരക്കുറവും, ലോകത്തിലെ മുഴവന്‍ ജനതയെയും അഗാധമായും സമഗ്രമായും സ്പര്‍ശിച്ച സിനിമ എന്ന ആ വലിയ അനുഭവത്തിന്റെ വ്യാപ്തി പൊതുവില്‍ കവിതകള്‍ ഉള്‍ക്കൊണ്ടുകാണുന്നില്ല എന്നും സമിതി അംഗങ്ങള്‍ എടുത്തു പറഞ്ഞിട്ടുണ്ട്.

സമ്മാനാര്‍ഹര്‍ക്കും പങ്കെടുത്ത എല്ലാവര്‍ക്കും ‘കാണി‘‘യുടെ അഭിനന്ദനങ്ങള്‍.

Monday 2 April 2012

ഓസ്‌കാര്‍ ചിത്രങ്ങളും മറ്റു ചിത്രങ്ങളും


ഇക്കഴിഞ്ഞ ഓസ്‌കാര്‍ മേളയില്‍ അവാര്‍ഡിനര്‍ഹമായ രണ്ടു ചിത്രങ്ങള്‍ 'കാണി' ഏപ്രില്‍ 5ന് പ്രദര്‍ശിപ്പിക്കുന്നു. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട The Artist ഉം അന്യഭാഷാ ചിത്രവിഭാഗത്തില്‍ അവാര്‍ഡിനര്‍ഹമായA Seperation  എന്ന ചിത്രവുമാണ് പ്രദര്‍ശിപ്പിക്കുന്നത്. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മകച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട Colours of the mountain   മാധവ് രാംദാസ് സംവിധാനം ചെയ്ത മേല്‍വിലാസം തുടങ്ങിയ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നതാണ്. ഏ.വി. കുട്ടിമാളു അമ്മയെക്കുറിച്ചുള്ള 'ഓപ്പ' എന്ന ചിത്രം വീണ്ടും പ്രദര്‍ശിപ്പിക്കുന്നതാണ്.

2012 ഏപ്രില്‍ 5ന് വ്യാഴാഴ്ച കാലത്ത് 9.30 മുതല്‍ ചങ്ങരംകുളം കൃഷ്ണമൂവീസില്‍

9.30ന്
The Artist /100mts/French
Director :Michael Hazanavicius
നിശ്ശബ്ദ ചിത്രങ്ങളുടെ കാലത്തെ പുനരാവിഷ്‌കരിക്കാന്‍ ശ്രമിക്കുന്ന ഈ ചിത്രം, സംഭാഷണങ്ങളില്ലാതെയാണ് ഒരുക്കിയിട്ടുള്ളത്. 2011ലെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡടക്കം അഞ്ച് ഓസ്‌ക്കാറുകള്‍ ഈ ചിത്രത്തിന് ലഭിച്ചു.
1927നും 1932നും ഇടയില്‍ ഹോളിവുഡില്‍ വെച്ചാണ് കഥ നടക്കുന്നത്. ഒരു നിശ്ശബ്ദ സിനിമാ നടന്റേയും ഉയര്‍ന്നുവരുന്ന അഭിനേത്രിയുടെയും കഥ.
ജീന്‍ ഡ്യൂ ജാറിം (മികച്ച നടന്‍), ബറനീസ് ബീജോ എന്നിവരാണ് മുഖ്യ അഭിനേതാക്കള്‍.)
11.00ന്
Nadeer and Simin : A Seperation
123 mts./Iran/
Director: Asghar Farhadi
സിമിന് തന്റെ ഭര്‍ത്താവ് നാദറും മകള്‍ തെര്‍മയുമൊത്ത് ഇറാന്‍ വിടണമെന്നാണ് ആഗ്രഹം. അള്‍ഷൈമേഴ്‌സ് ബാധിതനായ അച്ഛനെ ഉപേക്ഷിച്ച് വരാനാവില്ലെന്ന് നാദര്‍ പറയുമ്പോള്‍ സിമിന്‍ അയാളുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നു. എന്നാല്‍ കോടതി വിവാഹമോചനം അനുവദിക്കുന്നില്ല. സിമിന്‍ തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് പോകുന്നു. (ഈ സിനിമയെക്കുറിച്ചുള്ള വിശദപഠനം കാണി വാര്‍ഷികപ്പതിപ്പ് 2011ല്‍ കാണാം).
2.30ന്
ഓപ്പ/18 മി./മലയാളം
സംവിധാനം: മേലില രാജശേഖരന്‍
(ഏ.വി. കുട്ടിമാളു അമ്മയെക്കുറിച്ചുള്ള ഡോക്യുമെന്ററി.)
2.45ന്
മേല്‍വിലാസം/105മി./മലയാളം
സംവിധാനം: മാധവ് രാംദാസ്
അഭിനേതാക്കള്‍:: :സുരേഷ് ഗോപി, തലൈവാസല്‍ വിജയ്
കോര്‍ട്ട് മാര്‍ഷല്‍ എന്ന ഹിന്ദി നാടകത്തിന്റേയും സൂര്യ കൃഷ്ണമൂര്‍ത്തിയുടെ മേല്‍വിലാസം എന്ന നാടകത്തിന്റേയും ആശയാനുവാദമാണ് ഈ ചിത്രം. ഒറ്റ മുറിയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ചിത്രം കൃത്യമായ കാലത്തില്‍ (Real Time) സംഭവിക്കുന്നതാണ്. 2011 ലെ മികച്ച ചിത്രത്തിനുള്ള പി.ഭാസ്‌കരന്‍ അവാര്‍ഡ് ലഭിച്ചു. (ഈ ചിത്രത്തെക്കുറിച്ചുള്ള ഒരു ലേഖനം കാണി വാര്‍ഷികപ്പതിപ്പ് 2011 ല്‍ വായിക്കാം).
4.10ന്
Colours of the mountain/90 mts./Colombia
Director: Carlos Cesar Arbelaez
കൊളംബിയന്‍ മലയോര ഗ്രാമത്തിന്റെ വര്‍ത്തമാന ജീവിത ചിത്രീകരണത്തിലൂടെ സുഹൃത്തുക്കളായ മാനുവേലിന്റേയും ജൂലിയാന്റെയും കഥ പറയുന്ന ചിത്രം. ഒരു ദിവസം ഫുട്‌ബോള്‍ കളിക്കിടെ പന്ത് മയിന്‍ പാടത്ത് ചെന്ന് വീഴുന്നു. തങ്ങളുടെ ജീവിതത്തിന്റെയും സ്വപ്നങ്ങളുടെയും അവിഭാജ്യ ഘടകമായ പന്ത് വീണ്ടെടുക്കാന്‍ അവര്‍ എന്തിനും തയ്യാറാവുന്നു.
ഇതിനിടയില്‍ ഗ്രാമീണര്‍ പട്ടാളവും വിമതസേനയും തമ്മിലുള്ള ഏറ്റുമുട്ടലിനിടയില്‍ പെട്ട് ഗ്രാമം വിട്ടു പോകാന്‍ നിര്‍ബന്ധിതരാകുന്നു. യാത്രയാകുമ്പോഴും മാനുവേലിന്റെ കയ്യില്‍ തന്റെ പ്രിയപ്പെട്ട ഫുട്‌ബോളുണ്ട്. 2011ലെ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ചചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.

Tuesday 13 March 2012

’ഓപ്പ’/‘അഗ്നിരേഖ’ പ്രദര്‍ശനവും അനുസ്മരണവും


ഒഡേസ്സ സത്യന്‍ 
ഓപ്പ’ എന്ന പേരില്‍ അറിയപ്പെട്ട ആനക്കര വടക്കത്ത് കുട്ടി മാളു അമ്മയെക്കുറിച്ചുള്ള ‘ഓപ്പ’,അടിയന്തിരാവസ്ഥക്കാലത്ത് രക്തസാക്ഷിത്വം വരിച്ച അങ്ങാടിപ്പുറം ബാലകൃഷ്ണനെക്കുറിച്ചുള്ള ‘അഗ്നിരേഖ’ എന്നീ
 ചിത്രങ്ങളുടെ പ്രദര്‍ശനവും അനുസ്മരണവും നടന്നു.
വാര്‍ഷികപ്പതിപ്പ് പ്രകാശനം
പി.പത്മനാഭന്‍
പി.പി.രാമചന്ദ്രന്‍ 
സദസ്സ്
 കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ എടപ്പാളില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.പത്മനാഭന്‍, പി.പി.രാമചന്ദ്രന്‍,‘അഗ്നിരേഖ‘’യുടെ സംവിധായകന്‍ഒഡേസ്സ സത്യന്‍, അങ്ങാടിപ്പുറം ബാലകൃഷ്ണന്റെ മകള്‍ മഞ്ജു‍,കുടുംബാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.പി.പി.രാമചന്ദ്രന്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. കാണി വാര്‍ഷികപ്പതിപ്പിന്റെ പ്രകാശനം ഒഡേസ്സ സത്യന് നല്‍കി ബ്ലോക്ക് പഞ്ചായത്ത് 
പ്രസിഡണ്ട്പി.പത്മനാഭന്‍നിര്‍വ്വഹിച്ചു.പി.രാജഗൊപാലമേനോന്‍ അദ്ധ്യക്ഷത വഹിച്ചു.വി.മോഹനകൃഷ്ണന്‍ സ്വാഗതവും സോമന്‍ ചെമ്പ്രേത്ത് നന്ദിയും പറഞ്ഞു.വലിയൊരു സദസ്സിന്റെ സാന്നിദ്ധ്യം ആദ്യവസാനമുണ്ടായി.എല്ലാവര്‍ക്കും നന്ദി.

Tuesday 6 March 2012

‘അഗ്നിരേഖ’/‘ഓപ്പ’ പ്രദര്‍ശനം


അങ്ങാടിപ്പുറം ബാലകൃഷ്ണനും എ.വി.കുട്ടിമാളു അമ്മയും അനുസ്മരിക്കപ്പെടുന്നു.
വള്ളൂവനാട്ടില്‍ ജനിച്ചു ചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്ന രണ്ടു മഹത് ജീവിതങ്ങളെക്കുറിച്ചുള്ള അനുസ്മരണവും ഡോക്യുമെന്ററി പ്രദര്‍ശനവും എടപ്പാളില്‍ വെച്ചു നടക്കുന്നു.‘ഓപ്പ’ എന്ന പേരില്‍ അറിയപ്പെട്ട ആനക്കര വടക്കത്ത് കുട്ടി മാളു അമ്മയെക്കുറിച്ചുള്ള ‘ഓപ്പ’ ,അടിയന്തിരാവസ്ഥക്കാലത്ത് രക്തസാക്ഷിത്വം വരിച്ച അങ്ങാടിപ്പുറം ബാലകൃഷ്ണനെക്കുറിച്ചുള്ള ‘അഗ്നിരേഖ’ എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനവും അനുസ്മരണവുമാണ് നടത്തുന്നത്.ജനകീയ പങ്കാളിത്തത്തോടെ സിനിമാ നിര്‍മ്മാണമെന്ന ജോണ്‍ അബ്രഹാമിന്റേയും ’ഒഡേസ്സ’ യുടെയും ലക്ഷ്യങ്ങള്‍ക്കനുസരിച്ചാണ് ‘ അഗ്നിരേഖ’ യുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്.ഒഡേസ്സ സത്യനാണ് സംവിധാനം നിര്‍വ്വഹിച്ചിട്ടുള്ളത്.’ ഓപ്പ’ യുടെ തിരക്കഥ നോവലിസ്റ്റ് നന്ദന്റേതാണ്.പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് തയ്യാറാക്കിയ ചിത്രം മേലില രാജശേഖറാണ് സംവിധാനം ചെയ്തിട്ടുള്ളത്.
കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 9ന് വൈകുന്നേരം 5 മണിക്ക് എടപ്പാള്‍ പട്ടാമ്പി റോഡില്‍ നടക്കുന്ന പരിപാടിയില്‍ ഒഡേസ്സ സത്യന്‍,ആലങ്കോട് ലീലാ കൃഷ്ണന്‍,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.പത്മനാഭന്‍,പി.പി.രാമചന്ദ്രന്‍,അങ്ങാടിപ്പുറം ബാലകൃഷ്ണന്റെ മകന്‍ മുരളീധരന്‍,കുടുംബാംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.ചടങ്ങില്‍ വെച്ച് കാണി വാര്‍ഷികപ്പതിപ്പിന്റെ പ്രകാശനവും നടക്കും.

                                             

Saturday 21 January 2012

‘സ്വപ്നാടനം’ വീണ്ടും

2012 ജനുവരി 26ന് വ്യാഴാഴ്ച കാലത്ത് 9.30 മുതല്‍ ചങ്ങരംകുളം കൃഷ്ണമൂവീസില്‍
എന്റ് ഓഫ് ദി ടൈം (End of the time)
നൗഫല്‍ ചെറായി/26 മി
മദ്യവിപത്ത് വ്യക്തിയിലും സമൂഹത്തിലുമുണ്ടാക്കുന്ന സംഘര്‍ഷങ്ങളെ ദൃശ്യഭാഷയിലൂടെ വിലയിരുത്താനുള്ള ശ്രമം.
സിനിമ (Cinema) Marteaas/4mts.
നോര്‍വെയില്‍ 1966ല്‍ ജനിച്ച മാര്‍ത്തേയസ്സ് (Marteaas)ഫോട്ടോഗ്രാഫിയിലും സിനിമയിലും സര്‍ഗ്ഗ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. 
രുഗ്മിണി ചാറ്റര്‍ജി എന്ന ഭരതനാട്യം നര്‍ത്തകിയുടെ നടനത്തിലൂടെ ശരീരഭാഷയും വികാരങ്ങളും അര്‍ത്ഥങ്ങളും ദൃശ്യഭാഷയിലേക്ക് പരിവര്‍ത്തിപ്പിക്കാനുള്ള പരിശ്രമമാണ് സംവിധായിക നടത്തുന്നത്.നര്‍ത്തകിയും കാണിയും സന്ധിക്കുന്ന ചില പൊതു ഇടങ്ങളെ സിനിമയുടെ സങ്കേതമുപയോഗിച്ച് കാട്ടിത്തരാനാണ് ശ്രമിക്കുന്നത്. പാശ്ചാത്യമായ കാഴ്ചയില്‍
പൗരസ്ത്യം എങ്ങനെ പ്രതിനിധീകരിക്കപ്പെടുന്നു, അന്യരെ നാം എങ്ങനെ നോക്കുന്നു എന്നീ വസ്തുതകളുടെ അന്വേഷണവും ഇവിടെ നടക്കുന്നു. ഇരുപതാം നൂറ്റാണ്ടിലെ നിശ്ശബ്ദസിനിമകളും പരീക്ഷണസിനിമകളു മാണ് ഇത്തരമൊരു സിനിമക്ക് പ്രചോദനമായതെന്ന് സംവിധായിക പറയുന്നു. ലളിതവും തീവ്രവും അതേ സമയം വ്യത്യസ്തവുമായ ഒരു ലഘുചിത്രം.
സ്വപ്നാടനം
 സംവിധാനം:കെ.ജി.ജോര്‍ജ്ജ്
മലയാള സിനിമയില്‍ വലിയൊരു ഗതിമാറ്റത്തിന് കാരണമായ ചിത്രങ്ങളിലൊന്നായി പരിഗണിക്കപ്പെട്ടു പോരുന്നതാണ് സ്വപ്നാടനം. കെ.ജി. ജോര്‍ജ്ജിന്റെ പ്രഥമ സംവിധാന സംരംഭമാണിത്. നിര്‍മ്മാതാവായ ശ്രീ. ടി. മുഹമ്മദ് ബാപ്പു മാറഞ്ചേരിക്കാരനാണ്.(അദ്ദേഹവുമായുള്ള അഭിമുഖം കാണി വാര്‍ഷികപ്പതിപ്പില്‍ വായിക്കാവുന്നതാണ്). 1976 ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡടക്കം നിരവധി അവാര്‍ഡുകള്‍ ഈ ചിത്രത്തിനു ലഭിക്കുകയു മുണ്ടായി. തന്റെ ആദ്യസിനിമയെപ്പറ്റി ശ്രീ ജോര്‍ജ്ജ്:-

1975ലാണ് സ്വന്തം ചിത്രമെന്ന നിലയില്‍ 'സ്വപ്നാടന'ത്തെ കുറിച്ച് ആലോചിച്ചത്. മുംബൈക്കാരനായ മുഹമ്മദ് ബാപ്പു (പാഴ്‌സി) ആണ് സ്വപ്നാടനം നിര്‍മ്മിച്ചത്. അദ്ദേഹം എന്നെത്തേടിവരികയായിരുന്നു.  പുണെയില്‍ നിന്നുള്ള ബന്ധങ്ങളിലൂടെ യാണ് മലയാള സിനിമാ നിര്‍മ്മാണമെന്ന ആശയ വുമായി അദ്ദേഹമെത്തിയത്. മുംബൈവാസക്കാലത്ത്പരിചയ പ്പെട്ടിട്ടുള്ള പമ്മനാണ് സ്വപ്നാടന ത്തിന് തിരക്കഥയെഴുതിയത്. വെസ്‌റ്റേണ്‍ റെയില്‍വെയില്‍ ഉദ്യോഗസ്ഥനായ പമ്മനെബാപ്പുവാണ് പരിചയപ്പെടുത്തിയത്. ധാരാളം എഴുതിയിരുന്ന പമ്മനെവായനക്കാരന്‍ എന്ന നിലയിലാണ് പരിചയപ്പെട്ടത്. തിരക്കഥയെഴുതാന്‍ പമ്മന്‍ ചെന്നൈയില്‍ വന്നു. തിരുവനന്തപുരത്തും മദ്രാസിലുമായിരുന്നു ചിത്രീകരണം. അതൊരു നല്ല സിനിമയായി രുന്നില്ലെങ്കിലും എനിക്ക് മികച്ച സിനിമ ചെയ്യാന്‍ കഴിയുമെന്ന് തോന്നിപ്പിക്കാന്‍ ആ ചിത്രത്തിന് കഴിഞ്ഞു. സൈക്കോഡ്രാമ ഇനത്തില്‍ പ്പെടുത്താവുന്ന സ്വപ്നാടനം വളരെ സങ്കീര്‍ ണമായ സ്ത്രീപുരുഷ ബന്ധത്തെയാണ് വിശകലനം ചെയ്യുന്നത്. സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍ മറ്റൊരു യുവതിയെ വിവാഹം കഴിക്കേണ്ടി വരുന്ന ഗോപി എന്ന യുവാവ് വിവാഹപൂര്‍വ പ്രണയത്തിന്റെ പേരില്‍ വേട്ടയാടപ്പെട്ട് മനോരോഗിയാ കുന്നതും അതിന്റെ അന്ത:സംഘര്‍ഷങ്ങളെ വിശകലന ത്തിന് വിധേയമാക്കുന്നതുമാണ് സ്വപ്നാടനത്തിന്റെ ഇതിവൃത്തം. നല്ല രീതിയില്‍ സ്വീകരിക്കപ്പെട്ട സിനിമ കൂടിയായിരുന്നു അത്. ആ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് സ്വപ്നാടനം നേടി. നായിക വേഷം ചെയ്ത റാണി ചന്ദ്രക്ക് മികച്ച നടിക്കുമുള്ള അവാര്‍ഡും കിട്ടി.
(‘‘“സ്വപ്നാടനത്തിന് 1976ലെ മികച്ച പ്രദേശിക ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും,സംസ്ഥാന അവാര്‍ഡുംലഭിച്ചു)’‘

Tuesday 29 November 2011

കാണി ചലച്ചിത്രോത്സവം സമാപിച്ചൂ.


പ്രിയനന്ദന്‍
കേരള ചലച്ചിത്ര അക്കാദമി, ഫിലിം സൊസൈറ്റീസ് ഫെഡറേഷന്‍, കാണി ഫിലിം സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ നടന്നുവന്ന ത്രിദിന ചലച്ചിത്രോത്സവം ചങ്ങരംകുളം കൃഷ്ണാ മൂവീസില്‍ സമാപിച്ചു.സമാപനസമ്മേളനം സംവിധായകന്‍ പി.ടി.കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു.‘സ്വപ്നാടനം”എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ടി.മുഹമ്മദ് ബാപ്പുവിനെ ചടങ്ങില്‍ ആദരിച്ചു.ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.അഡ്വ.പി.രാജഗോപാലമേനോന്‍,വാസുദേവന്‍ അടാട്ട്,പി.എ.അഹമ്മദ്,ഇ.ഹൈദരാലി,വി.മോഹനകൃഷ്ണന്‍,വി.വിജയന്‍ എന്നിവര്‍ സംസാരിച്ചു.
പി.ടി.കുഞ്ഞുമുഹമ്മദ്
ചലച്ചിത്രോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ആദ്യ ദിവസം സംവിധായകന്‍ പ്രിയനന്ദന്‍ നിര്‍വ്വഹിച്ചു. മലയാള സിനിമയിലെ പ്രതിസന്ധികള്‍ക്ക് പുതിയ മികച്ച സിനിമകളുടെ സൃഷ്ടിയിലൂടെ മാത്രമേ പരിഹാരം സാധ്യമാകൂ എന്ന്‍ അദ്ദേഹം പറഞ്ഞു. യോഗത്തില്‍ പി.രാജഗോപാല മേനോന്‍ അദ്ധ്യക്ഷത വഹിച്ചു. ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാനവാസ് വട്ടത്തൂര്‍, തുഞ്ചന്‍ സ്മാരക സമിതി സെക്രട്ടറി പി.നന്ദകുമാര്‍, വാസുദേവന്‍ അടാട്ട്, എം.എ.രോഹിത്, കെ.വി. അബ്ദുള്‍ഖാദര്‍,അഷ്‌റഫ് കാട്ടില്‍, ഡോ:വി.മോഹനകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സോമന്‍ ചെമ്പ്രേത്ത് നന്ദി രേഖപ്പെടുത്തി.
കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
    രണ്ടാം ദിവസം മലയാള സിനിമയിലെ സമകാലിക പ്രവണതകളെ ആസ്പദമാക്കി സെമിനാര്‍ നടന്നു. എം.സി.രാജനാരായണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കുഞ്ഞിക്കണ്ണന്‍ വാണിമേല്‍, പി.എം.കൃഷ്ണകുമാര്‍,എം.നാരായണന്‍ നമ്പൂതിരി,പി.കെ.ജയരാജന്‍ എന്നിവര്‍ പങ്കെടുത്തു.
മൂന്നു ദിവസങ്ങളിലായി മലയാളസിനിമ,ഇന്ത്യന്‍സിനിമ,ലോകസിനിമ വിഭാഗങ്ങളിലായി 25 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെയും:
 ഇവിടെയും:(http://www.facebook.com/media/set/?set=a.303983962955509.72760.100000317232437&type=1)